Sunday, March 30, 2014

സിനിമാറ്റിക് ഡാൻസ്

ഈ കാലത്തിന്റെ കലയാണ് സിനിമാറ്റിക് ഡാൻസ് . കഥകളിയെപ്പോലെ, മോഹിനിയാട്ടത്തെപ്പോലെ,  അത് കാണികളെ ബോറടിപ്പിച്ച് കൊല്ലുന്നില്ല . ആസ്വദിക്കാൻ പ്രത്യേകിച്ച് ശിക്ഷണവും വേണ്ട. ചടുലവും പ്രസാദാത്മകവുമാണ് സിനിമാറ്റിക് ഡാൻസ്. വിഷാദവാനെപ്പോലും ഉന്മേഷവാനാക്കാനുള്ള ശേഷി അതിനുണ്ട് . ആണും പെണ്ണും ഒരുമിച്ച്‌ ചുവട് വെക്കുന്നതിലൂടെ സ്ത്രീ പുരുഷ സമത്വവുംസിനിമാറ്റിക് ഡാൻസ് ഉറപ്പുവരുത്തുന്നു. മാത്രമല്ല , തികച്ചും മതേതരമാണത്.വേഷവിധാനത്തിലും കടുംപിടുത്തങ്ങൾ ഇല്ല.   കലയിലെ എല്ലാ യാഥാസ്ഥിതികത്വത്തേയും അട്ടിമറിക്കുകയാണ്‌ ഈ കലാ രൂപം. സിനിമാറ്റിക് ഡാൻസ്  ആസ്വദിച്ച ശേഷം അതിലെ നർത്തകർ  നല്ല വീട്ടിൽ പിറന്നവരല്ലെന്നും വഴി  പിഴച്ചവരാണെന്നും ഒരു ഉളുപ്പുമില്ലാതെ  മലയാളി പറഞ്ഞുപരത്തുന്നു .  

വേനൽക്കാലം

 ജലലഭ്യതയും, എ സി യും ഉണ്ടെങ്കിൽ( മൊബൈൽ ഫോണിനേക്കാൾ കുറഞ്ഞ വിലക്ക് എ സി കിട്ടും )കേരളത്തിലെ വേനൽക്കാലം സുന്ദരമാണ് . മഴക്കാലം നമ്മുടെ  സ്വൈര്യ ജീവിതത്തെ 
തകിടം മറിക്കും. സഞ്ചാര സ്വാതന്ത്ര്യത്തെപ്പോലും  മഴ തടസ്സപ്പെടുത്തുന്നു . പക്ഷെ കുറെ കവികളും  നിരാശാകാമുകരും  ചേർന്ന്  വർഷങ്ങളായി മഴയെ  ആവശ്യമില്ലാതെ മഹത്വവത്കരിച്ചു കൊണ്ടിരിക്കുകയാണ് . മഴയെ പുകഴ്ത്തി കവിത എഴുതുന്നവരും പടം വരക്കുന്നവരും വേനലിന്റെ
സൗന്ദര്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.

Saturday, March 29, 2014

മഞ്ജു മേനോൻ


മലയാളത്തിലെ ഏറ്റവും ആലാപനത്തികവുള്ള ശബ്ദം "ദേശാടനം" എന്ന സിനിമയിലെ പാട്ടുകൾ പാടിയ  മഞ്ജു മേനോന്റെതാണെന്നു തോന്നുന്നു . എന്തൊരു പൂർണ്ണതയാണ് ആ
ശബ്ദത്തിന് ..! കൊട്ടിഘോഷിക്കുന്ന ഗായികമാർക്കുള്ള   "അനുനാസികാദോഷമോ "   ഉച്ചാരണ പിഴവുകളോ  ഈ പട്ടുകാരിക്കില്ല . സംശയമുണ്ടെങ്കിൽ കേട്ടുനോക്കൂ ( കളിവീട് ഉറങ്ങിയല്ലോ , നന്മയേറുന്നൊരു , നീലക്കാർമുകിൽ )
ഈ പാട്ടുകാരിക്ക് പിന്നീട് എന്താണ്  സംഭവിച്ചത് ?

Friday, March 28, 2014

പുതിയ ഇര


ബസ്സിൽ മാലമോഷണം ഉണ്ടായാൽ മലയാളി ആദ്യം പിടികൂടുന്നത് സഹയാത്രികയായ
തമിഴ് സ്ത്രീയെയാണ് . കറുത്തവരും, സൗന്ദര്യം കുറഞ്ഞവരുമായ  തമിഴർ മലയാളിക്ക്മുന്നിൽ
എന്നും കള്ളന്മാരാണ് . ആക്രി കച്ചവടക്കാർ , താഴെക്കിടയിലെ ജോലി ചെയ്തു ജീവിക്കുന്നവർ
തുടങ്ങി ഏതാണ്ട് എല്ലാ തമിഴരും ഈ ഗണത്തിൽ പെടും. ഇപ്പോൾ തമിഴർ അൽപം രക്ഷപെട്ട മട്ടാണ് . അന്യസംസ്ഥാന തൊഴിലാളികളാണ് പുതിയ  ഇര.
 കേരളത്തിലെ  എല്ലാ കുറ്റ കൃത്യങ്ങളും  ഈ  പാവങ്ങൾക്ക്  മേലാണിപ്പോൾ (ഇവരൊക്കെ ഉൾപെട്ട വിരലിൽ എന്നാവുന്ന കേസുകൾ   മറക്കുന്നില്ല) . മലയാളികൾ എത്ര നല്ലവരാണ് . അവർ മാല മോഷ്ടിക്കില്ല , ആരെയും കൊല്ലില്ല , ബലാൽസംഗം ചെയ്യില്ല , അടച്ചിട്ട വീട്  കുത്തി തുറക്കില്ല ..........





ഗ്രാമവും നഗരവും


ഗ്രാമം നിഷ്കള ങ്കവും നഗരം കാപട്യം നിറഞ്ഞതാണെന്നും നമ്മുടെ സാംസ്‌കാരിക നായകന്മാർ
വർഷങ്ങളായി പ്രചരിപ്പിക്കുന്ന ഒരു കള്ളമാണ് . ഗ്രാമത്തിലെ പെണ്‍കൊടികളെല്ലാം നിഷ്കള ങ്കരാണ് പോലും ! നഗരത്തിലെ പെണ്‍കുട്ടികൾ എന്താ നിഷ്കളങ്കർ അല്ലെ ?  ഗ്രാമത്തിലെ ബഹുഭൂരിപക്ഷവും ജോലിയൊന്നുമില്ലാതെ അന്യരെ കുറ്റം പറഞ്ഞിരിക്കുന്നവരും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുമാണ് . ഇക്കാര്യം മറച്ചുവെച്ചാണ് നഗരവാസിയെ  സ്വാർത്ഥനും മനുഷ്യ പറ്റില്ലാത്തവനുമായി ചിത്രീകരിക്കുന്നത് .


വൈദ്യു തി  വെളിച്ചത്തിൽ ജ്വലിച്ചു നിൽക്കുന്ന നഗരരാത്രി സുന്ദരവും സജീവവും പ്രസാദാ ത്മകവുമാണ്. നഗരത്തിന്റെ പകലിന് വ്യക്തിയിൽ അസാധ്യമായ ഊർജ്ജം പ്രവഹിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ഗ്രാമത്തിലെ പകലിന്റെ  നിശബ്ദത  ഭ്രാന്ത്‌ പിടിപ്പിക്കുന്നതും, രാത്രി ഭീതിതവുമാണ് . ഗ്രാമത്തിലെ നിർജ്ജീവവും വിരസവുമായ കാവിന് , കുളത്തിന് , പൊടിപാറുന്ന മണ്‍റോഡിന് , വിണ്ടുകീറിയ പാടത്തിന് എന്താണിത്ര ഭംഗി ?

 മലയാള സിനിമയിലും, നാടകത്തിലും ,സാഹിത്യത്തിലും "ഗ്രാമീണ നിഷ്കളങ്കതയും" പേറി    നഗരത്തിൽ വന്നു് പിഴച്ചുപോകുന്ന നായകനും നയികയുമാണ്‌ ഏറെയും . എന്തൊരു തട്ടിപ്പാണത് ...!!


Thursday, March 27, 2014

ജിൻ പ്രേമം


ബിവറേജസ് ക്യൂവിലും ബാർ കൌണ്ടറിലും മലയാളികൾ ജിൻ ഓഡർ  ചെയ്യാത്തത്‌ എന്താണ് ?
 .റം അല്ലെങ്കിൽ  ബ്രാണ്ടി , അതുമല്ലെങ്കിൽ  ബിയർ , അപൂർവ്വം ചിലപ്പോൾ  വിസ്കി. വല്ലപ്പൊഴും വിലകുറഞ്ഞ വോഡ്ക-  ഇതിൽ ഒതുങ്ങുന്നു മലയാളിയുടെ മദ്യപ്രേമം.
യൂറോപ്പിൽ പെണ്ണുങ്ങളുടെയും വയസന്മാരുടെയും  മദ്യമെന്നു ആക്ഷേപമുള്ള  ജിന്നിനെ
 മലയാളിക്ക്  ഇതുവരെ മനസിലായിട്ടില്ല. അതുകൊണ്ടാണ് ബിവറേജസ് ഷോപ്പിലെ ഷെൽഫി ന്റെ  ഏറ്റവും മുകളിലെ തട്ടിൽ വിലകൂടിയ വിസ്കിക്ക് ഒപ്പം വാങ്ങാൻ ആളില്ലാതെ ജിൻ പൊടിപിടിച്ചിരിക്കുന്നത് . 2014 ലെ മദ്യമാണ് പോലും ജിൻ . അയിത്തം മാറി യുറോപ്യൻ യുവത്വം ജിന്നിനെ പ്രേമിച്ചു തുടങ്ങിയിരിക്കുന്നു. മുംബൈ പോലുള്ള മെട്രോ നഗരങ്ങളിൽ  മസാല ചായയിലും, ലസ്സിയിലും ജിൻമിക്സ്‌ ചെയ്ത് അത്ഭുതം സൃഷ്ടിക്കുകയാണ് ബാർ ടെൻഡർമാർ .നമ്മൾ ഇപ്പോഴും കരിഓയിൽ എന്നു വിളിപ്പേരുള്ള വിലകുറഞ്ഞ  റമ്മിന്റെ പുറകെയാണ്

(Courtesy Mini Ribeiro, Food Writer)



തുറിച്ചു നോട്ടം


കേരളത്തിലെ ആണുങ്ങളും പെണ്ണുങ്ങളും തുറിച്ചു നോട്ടക്കാർ ആണ് . വളരെ വിദഗ്ധ മായിട്ടാണ് സ്ത്രീകളുടെ തുറിച്ചുനോട്ടം . പുരുഷൻ ശ്രദ്ധിക്കുന്നതിന്  മുൻപേ ആ നോട്ടം പിൻവലിക്കാൻ  സ്ത്രീക്ക് അറിയാം . എന്നാൽ മലയാളി പുരുഷന്മാർ അങ്ങനെ അല്ല . ഒരു
സങ്കോചവും ഇല്ലാതെ അവർ സ്തീകളെ നോക്കുന്നു  . ഓരോ നോട്ടത്തിലും ഒരു ബലാൽസംഗകൻ ഒളിഞ്ഞിരിക്കും പോലെ. എന്തിനാണ് കേരളത്തിലെ പുരുഷന്മാർ ഇത്രയും ക്രൂരമായി സ്ത്രീകളെ നോക്കുന്നത് ?




Wednesday, March 26, 2014

ആണ്‍പെണ്‍ വേഷങ്ങൾ



ആണിന്റെയും ,പെണ്ണിന്റെയും ,വസ്ത്ര ധാരണത്തിന്റെ ഒരു പ്രത്യേകത ഇതാണെന്ന് തോന്നുന്നു .
ആണുങ്ങൾ ധരിക്കുന്ന ഏതാണ്ട് എല്ലാ വേഷങ്ങളും സ്ത്രീകൾക്ക് ചേരും . പാന്റും ഷർട്ടും , ഷർട്ടും മുണ്ടും,  ( പാടത്തു ഞാറു നടുന്ന സ്ത്രീകളുടെ വേഷം ഓർക്കുക  )ജീൻസും ടീ ഷർട്ടും തുടങ്ങി ഏതാണ്ട് മിക്ക ആണ്‍ വേഷങ്ങളും സ്ത്രീകൾക്ക് പാകമാണ്. എന്നാൽ  പെണ്ണിന്റെ
ഒരു വേഷം പോലും ആണിന് ചേരില്ല.



Tuesday, March 25, 2014

നടൻ മധു


മലയാള  സിനിമയിലെ ഏറ്റവും മോശം നടൻ മധു ആണെന്ന്
തോന്നുന്നു .വികാരവിചാരങ്ങളെ സ്വാഭാവികമായി അഭിനയിച്ചു
ഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിവില്ല.  ഉച്ചാരണ ശുദ്ധിയുമില്ല.

Monday, March 24, 2014

ദളിത്‌ ഹോട്ടലുകൾ



കേരളത്തിൽ ഇപ്പോൾ നാടൻ ഭക്ഷണങ്ങളുടെ കാലമാണ് .
സ്റ്റാർ ഹോട്ടലുകളുടെ മെനുവിൽ പോലും നാടൻ വിഭവങ്ങളുടെ നീണ്ട നിര 
കാണാം. പഴയ അധസ്ഥിത വിഭാഗങ്ങളുടെ(ദളിതരുടെ) ഭക്ഷണമാണ് 
നാടൻ എന്ന പേരിൽ ഇപ്പോൾ നമുക്ക് കിട്ടുന്നത്‌. തൈര് സാദത്തേയും 
മസാല ദോശയെയും ബ്രാഹ്മണർ മാർക്കറ്റ്‌ ചെയ്തതു പോലെ 
ദളിതർക്ക് കപ്പപുഴുക്ക് മാർക്കറ്റ്‌ ചെയ്യാൻ കഴിയുന്നില്ല. കഴിയുമായിരുന്നെങ്കിൽ 
ബ്രാഹ്മണ/ പോറ്റി ഹോട്ടൽ പോലെ കേരളത്തിൽ ദളിത്‌ ഹോട്ടലുകൾ ഉണ്ടാകുമായിരുന്നു.

Sunday, March 23, 2014

സ്വാമി ബ്രഹ്മവ്രതൻ


മലയാള നാടകത്തെ തമിഴ് സംഗീത നാടക രാജപാർട്ട് വേഷങ്ങളിൽ നിന്നും മോചിപ്പിച്ച പ്രതിഭയായിരുന്നു സ്വാമി ബ്രഹ്മവ്രതൻ . കൊയിപ്പുറത്ത് ശങ്കരപിള്ള എന്ന കുട്ടൻ നായർ വാഗ്ഭടാനന്ദന്റെ ശിഷ്യത്വം സ്വീകരിച്ചതോടെയാണ് സ്വാമി ബ്രഹ്മവ്രതൻ ആയത് .
എഴുപതിലധികം നാടകങ്ങൾ എഴുതി സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ "കരുണ" എന്ന നാടകം വർഷം നാലയിരത്തിലേറേ വേദികളിൽ കളിച്ചിരുന്നു .ബ്രഹ്മവ്രതന്റെ എല്ലാമയിരുന്ന "ഓച്ചിറ 
പരബ്രഹ്മോദയം സംഗീതനടന സഭ" എന്ന ട്രൂപ്പിലൂടെ വളർന്നവരാണ് സെബാസ്റ്റ്യ ൻ കുഞ്ഞുകുഞ്ഞു ഭാഗവതർ ,ഓച്ചിറ വേലുക്കുട്ടി , അഗസ്റ്റിൻ ജോസഫ്‌ (യേശുദാസിന്റെ അച്ഛൻ ) തുടങ്ങിയവർ .ഇവർ തണൽ പറ്റി വളർന്ന ബ്രഹ്മവ്രതൻ എന്ന വൻവൃക്ഷത്തെ എല്ലാവരും മറന്നു . കമലിന്റെ "നടൻ " എന്ന സിനിമയിൽ ഓച്ചിറ വേലുക്കുട്ടിയെ ദൃശ്യവത്കരിക്കുന്നെങ്കിലും ബ്രഹ്മവ്രതൻ ഇല്ല.നാടകത്തിന് വേണ്ടി മാത്രമായിരുന്നു
ബ്രഹ്മവ്രതൻ ശ്വസിച്ചതും, ഭക്ഷിച്ചതും ,ജീവിച്ചതും .ആലപ്പുഴ മെഡിക്കൽ കോളേജിൽ മരുന്നിന് കാശില്ലാതെയായിരുന്നു ആ മഹാ പ്രതിഭയുടെ അന്ത്യം .നാടകം അങ്ങനെയാണ്.........!!!!!

Saturday, March 22, 2014

വസ്‌ത്ര ധാരണം



വസ്‌ത്ര ധാരണം ഒരു കലയാണ് .സാധാരണക്കാരായ നമുക്ക് അത് അറി യണമെന്നില്ല. എന്നാൽ സെലിബ്രിറ്റികളുടെ കാര്യം അങ്ങനെയല്ല .ഇന്ത്യയിലെ അറിയപ്പെടുന്നവരിൽ ഏറ്റവും മോശമായി വസ്ത്രം ധരിക്കുന്നവർ ഇവരാണെന്ന് തോന്നുന്നു : നടന്മാരായ രണ്ദീപ് ഹൂഡ , ഗോവിന്ദ ,സംഗീത സംവിധായകനായ ബാപ്പിലാഹരി , ഗായകൻ ബാബാ സൈഗാൾ ,ബ്യുടിഷ്യൻ ഷെഹനാസ് ഹുസൈൻ.

മലയാളത്തിൽ തീരെ ഡ്രസ്സ്‌ സെൻസ് ഇല്ലാത്തത്‌ നടൻ മനോജ്‌ കെ ജയനും മിമിക്രി ആർറ്റിസ്റ്റും, അവതാരകനുമായ 
നാദിർഷായ്ക്കുമാണ്

പണവും മനസമാധാനവും


പണവും മനസമാധാനവും തമ്മിൽ വലിയ ബന്ധമുണ്ട് . പണം ഇല്ലാത്തവന് 
ഉറക്കം കുറയും. പക്ഷേ പണം ഇല്ലാത്തവൻ തന്റെ കുറ്റം മുഴുവൻ ധനവാനിൽ 
ആരോപിച്ച് രക്ഷപെടുകയാണ്. പണക്കാർക്ക് മനസമാധാനത്തോടെ ഉറങ്ങാൻ കഴിയില്ലെന്നും , അവർ അഹങ്കാരികളും ,നിത്യരോഗികളുമാണെന്നും ദരിദ്രർ പ്രചരിപ്പിക്കുന്നു . പണം ഇല്ലാത്തവന്റെ സ്വയം ആശ്വസിക്കാനുള്ള ഒരു തന്ത്രം മാത്രമാണത്. ധനവാനായിരിക്കുക എന്നത്‌ സുഖമുള്ള ഏർപ്പാടാണ് .(നമ്മൾ അങ്ങനെ അല്ലെങ്കിലും )പണം ഒരേ സമയം നമുക്ക് സ്വാതന്ത്ര്യവും, ആത്മാഭിമാനവും മനസുഖവും തരുന്നു. രോഗം വന്നാൽ അത് നല്ല ചികിത്സ ലഭ്യമാക്കുന്നു. നല്ല ഭക്ഷണവും ,യാത്രാ സുഖവും നൽകുന്നു . ജീവിതത്തിലെ തൊണ്ണൂറ് ശ തമാനം പ്രശ്നങ്ങളും പണം കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ . ബാക്കി പത്ത് ശതമാനം പ്രശ്നങ്ങൾ എല്ലാവർക്കും ഉള്ളതാണ് .അശണരെ കരുതുന്നത് ഉൾപ്പെടെ , പണമുള്ളവന് മുന്നിലെ സാധ്യതകൾ കോടി കണക്കിന് വരും. എന്നിട്ടും എല്ലാ മതങ്ങളും ദാരിദ്രനാവാനാണ് പഠിപ്പിക്കുന്നത് .അതിന്റെ ന്യായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ആണത്തം

ചലച്ചിത്രപ്രേമികൾ ആണത്തം എന്നതുകൊണ്ട്  ഉദ്ദേശിക്കുന്നത്
എന്താണോ അതിന്റെ പൂർണതയുള്ള ഒരു  കൂട്ടം നടന്മാർ നമുക്ക് ഉണ്ടായിരുന്നു .
കെ പി എ സി സണ്ണി , അച്ചൻകുഞ്ഞ് , അസീസ്‌ തുടങ്ങിയവർ. ഹിന്ദിസിനിമ ലോകത്ത്,  ചോക്ളെറ്റ് നായകന്മാർക്കിടയിൽ വസൂരികലയും, പരുക്കൻ മുഖവുമായി ഓം പുരിയും ,നസറൂദീൻഷായും ജ്വലിച്ച് നിന്നപോലെ, ഇവരും മലയാളത്തിലെ എക്കാലത്തെയും വലിയ നടൻമാർ ആകേണ്ടവരായിരുന്നു.നിരഭാഗ്യവശാൽ പ്രതിഭാ ദാരിദ്ര്യമുള്ള ഒരു കൂട്ടം സംവിധായകരുടെ കയ്യിൽ പെട്ട് വെറും വില്ലന്മാർ മാത്രമായിപ്പോയി പോയി ഈ മഹാനടന്മാർ. അടൂർ ഗോപാലകൃഷ്ണനും , ഭരതനും സ്ക്രീനിലെ ഇവരുടെ ആണ്‍സാധ്യതകൾ തിരിച്ചറിഞ്ഞവരാണ്. ബാക്കിയുള്ള
സംവിധായകർ ആണത്തം കിട്ടാൻ വേണ്ടി മമ്മുട്ടിയേയും ,മോഹൻലാലിനേയും മീശ പിരിപ്പിക്കുകയായിരുന്നു.

ഇരട്ടത്താപ്പ്


അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യൻ അമൃതസ്വരൂപനന്ദ തന്നെ  ബലാത്സംഗം ചെയ്തു എന്ന ഗയിൽ ട്രെഡ് വെലിന്റെ വെളിപ്പെടുത്തലിന്റെ  മറ്റൊരു രൂപം ആലോചിക്കുക :
ട്രെഡ് വെലിനു പകരം ഒരു വിനോദ സഞ്ചാരി ;
 അമൃതസ്വരൂപനന്ദക്ക് പകരം  ഓട്ടോ ഡ്രൈവർ .
പോലീസ് ലോക്കപ്പിൽ എന്തായിരിക്കും ആ ഓട്ടോക്കാരന്റെ ഗതി ?
വള്ളിക്കാവിലമ്മേ ഓർക്കാൻ കൂടി വയ്യ...!!!


മലയാള സാഹിത്യ കാരന്മാർ


ഏറ്റവും കുറവ് ആളുകൾ മാത്രം ആസ്വദിക്കുന്ന ഒന്നാണ്
മലയാള സാഹിത്യമെന്ന് ഭൂരിപക്ഷം അച്ചടി- ദൃശ്യ മാധ്യമങ്ങളും ഇന്ന് തിരിച്ചറിയുന്നു . പഴയ കാല പത്രാധിപന്മാർ പലരും സാഹിത്യ ത്തോട് വലിയ
കമ്പം ഉള്ളവരായിരുന്നു . അതുകൊണ്ട്  മിക്ക എഴുത്തുകാർക്കും സൂപ്പർ താര പദവി ചുളുവിൽ കിട്ടി. തലമുറയുടെ ആസ്വാദന ശീലങ്ങൾ മാറുകയാണ് . ജി .ശങ്കരകുറുപ്പിന്റെ
സമ്പൂർണകൃതികൾ ഇന്ന് ആര് വായിക്കാനാണ്? ഇത്രകൊട്ടിഘോഷിക്കാൻ മാത്രം പി .കുഞ്ഞിരാമൻ നായരുടെ ആത്മകഥയിൽ എന്താണുള്ളത് ? കുഞ്ഞിരാമൻ നായരുടെതിനെക്കാൾ അലച്ചിലും ആരാജകവും അല്ലെ നമ്മുടെ ജീവിതം? അത്  എഴുതി ഫലിപ്പിക്കാൻ തക്ക  ഭാഷ നമുക്ക് ഇല്ലെന്ന് മാത്രം. മലയാള സാഹിത്യ കാരന്മാർക്ക്   ഇനി സെലിബ്രിറ്റി ഇമേജ് ഉണ്ടാവില്ല . അത് കിട്ടണമെങ്കിൽ ഇംഗ്ലീഷിൽ എഴുതണം.

പുത്തഞ്ചേരിയുടെ പാട്ടുകൾ



ലക്ഷക്കണക്കിന് ആരാധകരുള്ള ഗാനരചയിതാവാണ് അന്തരിച്ച ശ്രീ ഗിരീഷ്‌ പുത്തഞ്ചേരി.പക്ഷേ പരിമിതവിഭവനായിരുന്നു അദ്ദേഹം . വിരലിൽ എണ്ണാവുന്ന വാക്കുകൾ കൊണ്ടുള്ള കളിയായിരുന്നു
അദ്ദേഹത്തിന്റേത്.കുരുവി,കിളി ,പ്രാവ് ,തൂവൽ ,കുറുകൽ,ചന്ദനം ,മുല്ല ,മഞ്ഞ് ,ലോലം,മൃദു ....ഇങ്ങനെ പോകുന്നു ആ വാക്കുകൾ. അർത്ഥം ഇലലാത്തതും ബാലിശവുമാണ്  അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗാനങ്ങളും. കേൾവിയിൽ
പ്രൌഡമെന്നു തോന്നുന്നതും , എന്നാൽ  അർത്ഥം അന്വേഷിക്കുമ്പോൾ വട്ട പൂജ്യമായി മാറുന്നതുമാണ് പുത്തഞ്ചേരി എഴുതിയ  ഭൂരിപക്ഷം  വരികളും."തൂവൽ ചില്ലോടിഞ്ഞ  പടം " പോലുള്ള പ്രയോഗങ്ങൾ എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ശരാശരിയിലും താണ ഗാനരചയിതാവായിരുന്നു  ഗിരീഷ്‌ പുത്തഞ്ചേരി. അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടായി എന്നു മാത്രം.
എങ്കിലും -നീ വരുവോളം-എന്ന സിനിമയിലെ "ഈ തെന്നലും തിങ്കളും പൂക്കളും ..." എന്ന ദലീമയുടെ പാട്ട് മറക്കാൻ ആവുന്നില്ല .ആ  ഒറ്റ പാട്ടിന് പുത്തഞ്ചേരീ.. നന്ദി .സ്തുതിയായിരിക്കട്ടെ.!

മുണ്ടെന്ന കള്ളം



ഒരു  ശാരാശാരി  മലയാളിയുടെ നൂറായിരം കള്ളത്തരങ്ങളിൽ ഒന്നാണ് മുണ്ടുടുപ്പ് .
മുണ്ട് അഴിച്ചിട്ടാൽ വിനയം വരുമെന്നും, മടക്കികുത്തിയാൽ വിനയം പോകുമെന്നും
കാലങ്ങളായി അവൻ വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു .
ഈ ഒരു  മിഥ്യാബോധത്തെ  പരമാവധി   ചൂഷണം ചെയ്യുകയാണ്   രാഷ്രീയക്കാർ.
നമുക്ക്‌ മുന്നിൽ രാഷ്രീയക്കാർ മുണ്ട് അഴിച്ചിടുകയും നോട്ടം തെറ്റിയാൽ മടക്കികുത്തുകയും
ചെയ്യുന്നു . കേരളത്തിലെ പൊതുപ്രവർത്തകർ പാന്റ്സ് ഇട്ടാൽ എന്താണ്  കുഴപ്പം ?
ആം ആദ്മി പാർട്ടിയിലെ  ചിലർ പാന്റ്സ് ഇട്ട് കണ്ടപ്പോൾ സന്തോഷം തോന്നി .
പാന്റ്സും ഷർട്ടുമിടുന്ന, അടിമുടി പ്രോഫെഷണലായ ഒരു  മുഖ്യമന്ത്രിയെയാണ് ഇനി കേരളത്തിന്‌ ആവശ്യം


റഹ്മാന്റെ പാട്ടുകൾ


പേരുകൾ കൊണ്ട് തുടങ്ങുന്നതോ പേരുകൾ ഇടയിൽ വരുന്നതോ ആയ പാട്ടുകളിൽ എന്തിനാണ് എ ആർ റഹ്മാൻ ആ പേരുകൾ ആവത്തിക്കുന്നത് ?
ഉദാഹരണങ്ങളിൽ ചിലത്‌:

രുക്കുമണി രുക്കുമണി ..(റോജ )
ഉർവസി ഉർവസി ..(കാതലൻ )
അഞജലി അഞജലി..(ഡ്യൂയറ്റ്)
ചന്ദ്രലേഖ  ചന്ദ്രലേഖ ..(തിരുടാ തിരുടാ )
ലൈല ഓ ലൈല ..(കാതലൻ )
കൊളംബസ്‌ കൊളംബസ്‌.. (ജീൻസ് )
സോണിയാ സോണിയാ ..(രക്ഷകൻ )
മുസ്തഫാ മുസ്തഫാ..(കാതൽ ദേശം )
റോജാ റോജാ റോജാ റോജാ.. (കതലർ ദിനം )
സോന സോന.. (ഇന്ത്യൻ )

റഹ്മാന്  ഉണ്ടെന്നു പറയപ്പെടുന്ന അനേകം വിചിത്ര വിശ്വാസങ്ങളിൽ
ഒന്നാകുമോ ഇതും ? ആർക്കറിയാം ?